കല്യാണ പന്തലിലേക്കുള്ള അവളുടെ വരവ് കണ്ടുനിന്ന ബന്ധുക്കളിൽ നിന്നും മുറുമുറുപ്പ് ഉയർന്നിരുന്നു… അച്ഛനും അമ്മയും ഇത് മുന്നേ പ്രതീക്ഷിച്ചത് ആയതു കൊണ്ട് വലിയ അമ്പരപ്പ് ഒന്നും ഉണ്ടായില്ല… എങ്കിലും അവരുടെ മുഖത്തു തെളിച്ചം പോര എന്നെനിക്കു തോന്നി… ഇന്ന് എന്റെ കല്യാണം ആണ്… കല്യാണം കൂടാൻ വന്നവരുടെ മുഖം ഫ്യൂസ് പോയ ബൾബ് പോലെ ആണെങ്കിലും എന്റെ മുഖം ഹൈ വോൾട്ടേജിൽ തന്നെ ആണ്..
വാദ്യ മേളങ്ങളോട് കൂടി അവൾ ബന്ധുക്കളോടൊപ്പം നടന്നു വന്നു എനിക്കരികിലായി ഇരുന്നു… മുഖത്തു ഞാൻ ആദ്യമായി കാണുമ്പോഴുണ്ടായ അതേ ഭാവം… സാധാരണ പെണ്ണിന്റെ മുഖത്തു കാണുന്ന നാണമോ ചമ്മലോ ഒന്നും തന്നെ അവളിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല.. ചമയങ്ങളേതുമില്ലാതെ ഒരു മുഴം മുല്ല പൂവും മുടിയിൽ ചൂടികൊണ്ട് കതിർ മണ്ഡപത്തിൽ എനിക്കരികിലായി ഇരിക്കുന്ന അവളെ കണ്ണെടുക്കാതെ ഞാൻ നോക്കിയിരുന്നു…
ഒഴിഞ്ഞു കിടക്കുന്ന അവളുടെ കഴുത്തിലേക്ക് ഒരു ചെറിയ ആലില താലി ചാർത്തി കൊടുക്കുമ്പോൾ ഈ ലോകത്തു ഏറ്റവും സുന്ദരി അവളാണെന്ന് എനിക്ക് തോന്നി… മറ്റൊരു ചെറിയ മാല പോലും കഴുത്തിൽ ഇല്ല എങ്കിലും ഞാൻ ചാർത്തിയ താലി മാത്രം മതിയായിരുന്നു അവയൊക്കെ അണിഞ്ഞാൽ കിട്ടുന്നതിന്റെ പതിന്മടങ്ങ് തിളക്കം കിട്ടാൻ..
പെണ്ണുകാണാൻ ചെന്നു ആദ്യ കാഴ്ച്ചയിൽ തന്നെ കനിയെ എനിക്കിഷ്ട്ടപെട്ടു.. . എനിക്ക് മുന്നിൽ അവൾ ഒരു നിബന്ധന മാത്രമേ വച്ചിരുന്നുള്ളു… ‘ഒരു തരി പൊന്നു പോലും സ്ത്രീധനം ആയി തരില്ല… കതിര്മണ്ഡപത്തിലും എന്നെ അങ്ങനെ മാത്രമേ പ്രതീക്ഷിക്കാവു… എന്റെ ശരീരത്തിൽ ഒരു തരത്തിലുള്ള ആഭരണവും ഉണ്ടാവില്ല ‘ എന്ന് അവൾ മുൻകൂട്ടി പറഞ്ഞിരുന്നു..
ആദ്യം എനിക്ക് അമ്പരപ്പ് ആയിരുന്നെങ്കിലും പിന്നീട് അവളുടെ ആവശ്യം ഞാൻ അംഗീകരിച്ചു… അത് കൊണ്ട് തന്നെ അച്ഛനും അമ്മയും ഏറെ എതിർത്തിട്ടും ഞാൻ അവൾക്കു വേണ്ടി വാശി പിടിച്ചു…സാധാരണ കുടുംബത്തിലെ നാല് പെൺമക്കളിൽ മൂത്തവൾ ആണ്കനി..അതുകൊണ്ട് തന്നെ അവളുടെ തീരുമാനം എന്തിനായിരുന്നു എന്ന് മനസിലാക്കാൻ എനിക്കതികം സമയം വേണ്ടി വന്നില്ല.. നിന്റെ അനിയത്തിമാർ ഇനി എന്റെയും കൂടെ ആണെന്ന ഉറപ്പ് പെണ്ണുകാണലിന്റെ അവസാനം അവൾക്കായി നൽകാനും ഞാൻ മറന്നില്ല..
സീമന്ത രേഖയിൽ ഒരുനുള്ള് സീന്തുരം ചാർത്തി എന്റെ വലം കൈയ്യിൽ അവളുടെ വലം കൈ ചേർത്ത് കതിർ മണ്ഡപം വലം വയ്ക്കുമ്പോൾ അവളുടെ അച്ഛന്റെ ആനന്ദ കണ്ണുനീർ മാത്രം മതിയായിരുന്നു എന്റെ മനസ്സ് പൂർണതയിൽ എത്താൻ…. നിലവിളക്കേന്തി വലതുകാൽ വച്ച് എന്റെ വീട്ടിലേക്കവൾ കയറിയപ്പോൾ പെയ്യാൻ നിൽക്കുന്ന കാർമേഘം പോലെയായിരുന്നു അമ്മയും ഏടത്തിയും… നൂറുപവനും പത്തുലക്ഷം രൂപയും സ്ത്രീധനം ആയി തന്നു ഈ വീട്ടിന്റെ പടി കയറി വന്ന ഏട്ടത്തിയോടു ആയിരുന്നു അമ്മക്കെന്നും പ്രീയം… അതിൽ നൂറിൽ ഒരംശം പോലും കനിയോട് കാണിച്ചതും ഇല്ല.. എങ്കിലും എന്റെ കരങ്ങൾക്കുള്ളിൽ അവൾ സംതൃപ്തയായിരുന്നു… വിവാഹം കഴിഞ്ഞ് ഒരാഗ്രഹം മാത്രമേ അവൾ പറഞ്ഞുള്ളൂ.. വെള്ള കല്ല് വെച്ചൊരു മൂക്കുത്തി… എന്റെ സ്നേഹത്തിനപ്പുറം അവൾക്കൊന്നും വേണ്ട എന്ന് ഓരോ ദിവസം കഴിയുമ്പോഴും അവളെനിക്ക് മനസിലാക്കി തന്നു…
ഏറെ വൈകാതെ ഏതൊരാണും കൊതിക്കുന്ന ഭാഗ്യം എനിക്കായി അവൾ സമ്മാനിച്ചപ്പോൾ ഞാൻ മനസിലാക്കിയിരുന്നു സ്ത്രീ തന്നെയാണ് ധനം എന്ന്… കല്യാണം കഴിഞ്ഞു വർഷം അഞ്ചു കഴിഞ്ഞിട്ടും ഒരു കുഞ്ഞി കാലു കാണാൻ ഭാഗ്യം ഏട്ടത്തിക്ക് ഉണ്ടായിട്ടില്ല.. ആ കുരുന്നു ജീവൻ അവളുടെ വയറ്റിൽ തുടിക്കുമ്പോൾ അമ്മയും മനസ്സിലാക്കിയിരിക്കണം അവൾ എനിക്ക് സമ്മാനിക്കാൻ പോകുന്നതാണ് ഏറ്റവും വലിയ ധനം എന്ന്.. പെണ്ണിനെയും സ്വർണ്ണത്തെയും ഒരു ത്രാസ്സിൽ തൂക്കി നോക്കരുത്.. അഥവാ തൂക്കി നോക്കിയാലും പെണ്ണിന്റെ തട്ട് താണ് തന്നെ ഇരിക്കും…
വൈദേഹി വൈഗ